ചില അഭിഭാഷകരെ ഹൈക്കോടതി ന്യായാധിപന്മാരായി നിയമിക്കുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ സുപ്രീം കോടതി കൊളീജിയം എതിർത്തത് ശരിയായ നടപടിയാണ്. ഹൈക്കോടതി നിയമനങ്ങൾക്കുള്ള ശുപാർശകൾ സമർപ്പിക്കുന്ന മൂന്നംഗ കൊളീജിയം അഭിഭാഷകരായ സൌരഭ് കിർപാലിനെ ഡൽഹി ഹൈക്കോടതിയിലും, ആർ.ജോൺ സത്യനെ മദ്രാസ് ഹൈക്കോടതിയിലും സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതിയിലും ജഡ്ജിമാരാക്കാനുള്ള തീരുമാനം ആവർത്തിച്ചു. ഓരോ വ്യക്തിഗത കേസിലും കേന്ദ്രം ഉന്നയിച്ച എതിർപ്പുകളെ വിശദമായി കൊളീജിയം നേരിട്ടു. ഇത്, ഭരണഘടനാ കോടതികളിലേക്കുള്ള നിയമനങ്ങളിൽ നീതിന്യായ വ്യവസ്ഥയുമായുള്ള സർക്കാരിന്റെ തർക്കത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ തുറന്നുകാട്ടിയിരിക്കുകയാണ്. നിർദ്ദിഷ്ട നിയമനങ്ങളോടുള്ള സർക്കാരിന്റെ എതിർപ്പുകൾ ന്യായീകരിക്കാനാവാത്തവയാണെന്ന് കൊളീജിയവും കേന്ദ്രവും തമ്മിലുള്ള ആശയവിനിമയങ്ങൾ വെളിവാക്കുന്നു. നിലവിലെ ഭരണകൂടം ന്യായാധിപനിയമനങ്ങളെ നിയന്ത്രിക്കാൻ എത്രത്തോളം ആഗ്രഹിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. ഒരു സ്ഥാനാർത്ഥിയുടെ ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള എതിർപ്പ് മുൻവിധിയുള്ള പഴഞ്ചൻ ചിന്താഗതിയാണ് സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവരായ രണ്ട് അഭിഭാഷകരുടെ സ്ഥാനക്കയറ്റം തടയാനുള്ള ശ്രമം, ഉയർന്ന കോടതികളിലേക്കുള്ള നിയമനങ്ങൾ രാഷ്ട്രീയ വിശ്വസ്തർക്കുള്ള പാരിതോഷികങ്ങളായി കാണുന്ന ചിന്താഗതിയെ തുറന്നുകാട്ടുന്നു. കൊളീജിയം ചൂണ്ടിക്കാണിച്ചതുപോലെ, കൃപാലിന്റെ ലൈംഗിക ആഭിമുഖ്യമോ മറ്റ് രണ്ട് അഭിഭാഷകർ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതോ അവരുടെ അനുയോജ്യതയേയോ സത്യനിഷ്ഠയേയോ ബാധിക്കുന്നില്ല.
ന്യാധിപനിയമനങ്ങൾക്ക് യോഗ്യരായ സ്ഥാനാർത്ഥികൾക്ക് സ്വന്തമായി രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉണ്ടാകരുതെന്നും, കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുമുള്ള പ്രവണത ന്യായാധിപന്മാർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്നും സർക്കാർ കരുതുന്നതായി തോന്നുന്നു. രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളതും സർക്കാർ എതിർപ്പ് കാട്ടാത്തതുമായ മറ്റ് പേരുകളുണ്ടെന്ന വസ്തുതയല്ലാതെ മറ്റൊന്നിനും ഈ വാദഗതിയെ ഖണ്ഡിക്കാനാവില്ല. വാസ്തവത്തിൽ, കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ രാഷ്ട്രീയ നേതൃത്വത്തിന്റെ വിശ്വാസത്തിന് പാത്രമായ നിയമ ഉദ്യോഗസ്ഥർക്കോ, രാഷ്ട്രീയ നേതാക്കളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കോ ആണ് സുപ്രീം കോടതി, ഹൈക്കോടതി ബെഞ്ചുകളിൽ സ്ഥാനം ലഭിക്കാറെന്ന് ന്യാധിപനിയമനങ്ങളുടെ ചരിത്രം നോക്കിയാൽ മനസ്സിലാകും. ലൈംഗിക ആഭിമുഖ്യത്തെ അടിസ്ഥാനമാക്കിയുള്ള എതിർപ്പ് പ്രത്യേകിച്ചും അമ്പരപ്പിക്കുന്നതാണ്. കാരണം, ഇത് ലൈംഗികതയും ലൈംഗിക താല്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരായ ഭരണഘടനാ നിലപാടിന് വിരുദ്ധമാണ്. നിയമനങ്ങൾ സുതാര്യമല്ലാത്തതുകൊണ്ടും പരിഗണനയുടെ വ്യാപ്തി കുറഞ്ഞിരിക്കുന്നതുകൊണ്ടും കൊളീജിയം സമ്പ്രദായത്തിൽ അപാകതയുണ്ടെന്ന കാഴ്ചപ്പാട് ശരിയാണ്. എങ്കിലും, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് തടയിടുന്ന സ്ഥാനാർത്ഥികളെ പുറംതള്ളുന്ന നിലവിലെ ഭരണകൂടത്തിന്റെ രീതി കണ്ടാൽ, ഏതെങ്കിലും തരത്തിലുള്ള സർക്കാർ ഇടപെടൽ ന്യാധിപ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്ന തോന്നലുണ്ടാകുന്നു.
This editorial has been translated from English, which can be read here.
Published - January 23, 2023 11:35 am IST